---
title: "തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട് ക്രൂരത ; ടിക്കറ്റില്‍ കൃത്രിമം കാട്ടി വയോധികന്റെ 1000 രൂപ തട്ടിയെടുത്തു"
english_title: "Cruelty to chronically ill lottery sales worker in Thalassery; Elderly man robbed of Rs. 1000 by tampering with ticket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345818/Cruelty to chronically ill lottery sales worker in Thalassery; Elderly man robbed of Rs. 1000 by tampering with ticket"
published_at: "2026-03-05T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9728237b61_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട് ക്രൂരത ; ടിക്കറ്റില്‍ കൃത്രിമം കാട്ടി വയോധികന്റെ 1000 രൂപ തട്ടിയെടുത്തു

> **Lead Summary:** പാനൂർ : ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി വില്‍പനക്കാരനായ വയോധികന്റെ 1000 രൂപ യുവാവ് തട്ടിയെടുത്തു.. ലോട്ടറിയില്‍ സമ്മാനത്തുകയുടെ ഒരു നമ്പര്‍ കൂട്ടിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

## Article Content

പാനൂർ : ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി വില്‍പനക്കാരനായ വയോധികന്റെ 1000 രൂപ യുവാവ് തട്ടിയെടുത്തു.. ലോട്ടറിയില്‍ സമ്മാനത്തുകയുടെ ഒരു നമ്പര്‍ കൂട്ടിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

തലശേരി പഴയസ്റ്റാന്‍ഡില്‍ ജൂബിലി കോംപ്ലക്‌സിനു താഴെ വച്ച് ലോട്ടറി വില്‍പന നടത്തുന്ന എരഞ്ഞോളി കൊടക്കളത്തെ ആയിമ്മൽ പറമ്പത്ത് ഹരീശന്‍ (65) ആണ് തട്ടിപ്പിനിരയായത്.

വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. ബുധനാഴ്ച നറുക്കെടുത്ത ധനലഷ്മി ലോട്ടറിയുടെ DU 727597 നമ്പറിന് 1000 രൂപ സമ്മാനമുണ്ടെന്നും, തുക തന്നാല്‍ നാലുടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് പ്രായമുള്ള മെലിഞ്ഞു വെളുത്ത ഒരാളാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് ഹരീശൻ കണ്ണീരോടെ പറഞ്ഞു. നമ്പര്‍ ഒത്തുനോക്കി യുവാവ് പറഞ്ഞത് പോലെ നാലു ടിക്കറ്റും 800 രൂപയും നല്‍കുകയായിരുന്നു. കൈയ്യിൽ പണമില്ലാത്തതിനാൽ പരിചയക്കാരനായ മത്സ്യക്കച്ചവടക്കാരനിൽ നിന്നും 800 രൂപ കടം വാങ്ങിയാണ് നൽകിയത്.1000 രൂപ സമ്മാനമുണ്ടെന്ന് പറഞ്ഞ് ഏൽപിച്ച ടിക്കറ്റുമായി പണം വാങ്ങാന്‍ അക്ഷര ലോട്ടറി കടയിൽ പോയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ഹരീശന് മനസിലായത്. ഇരുകാലുകള്‍ക്കും അസുഖമുള്ള ഹരീശന്‍ കഴിഞ്ഞ 30ഓളം വര്‍ഷമായി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ലോട്ടറി വില്‍പന നടത്തി വരികയാണ്.സംഭവത്തില്‍ ഹരീശന്‍ തലശേരി പൊലിസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345818/Cruelty to chronically ill lottery sales worker in Thalassery; Elderly man robbed of Rs. 1000 by tampering with ticket)